Sunday, December 31, 2006

ചേര്‍ത്തല, എന്റെകൂടി സ്വന്തം നാട്‌..

ചേര്‍ത്തല എന്തിന്റൊയൊക്കെ, ആരുടെയൊക്കെ നാടാണ്‌?നമ്മള്‍ സ്ക്കൂളില്‍ കേരളത്തിന്റെ മാപ്പ്‌ വരയ്ക്കുമ്പോള്‍ ചേര്‍ത്തല ഒഴിവാക്കാന്‍ പറ്റില്ല. അതെ, ഒരു സോക്സിന്റെ രൂപത്തില്‍ നിങ്ങള്‍ ഉള്ളിലേയ്ക്ക്‌ കയറ്റിവരയ്ക്കുന്ന അ "കുനിപ്പ്‌" ആണ്‌ വേമ്പനാട്ടുകായല്‍. അതിനോടു ചേര്‍ന്നുള്ളത്‌ ചേര്‍ത്തലയും....

കടലിനും കായലിനും മദ്ധ്യേ ഏതാണ്ട്‌ 12-15 കിലോമീറ്റര്‍ മാത്രം വീതിയിലുള്ള, മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശം കരപ്പുറം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്‌. ടിപ്പുവിന്റെ പടയോട്ടത്തിനു മുന്നേ വരെ കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ഈ തലയ്ക്കല്‍ പ്രദേശം ഒരു സംരക്ഷണ ധാരണാപ്രകാരം തിരുവിതാംകൂറിലേയ്ക്ക്‌ ചേര്‍ത്തു. ഇങ്ങനെ ചേര്‍ത്ത തലയാണത്രേ ചേര്‍ത്തല.

പൂര്‍ണമായും, കടല്‍ വെച്ചിട്ടുപോയ ഒരു കരയാണ്‌ ചേര്‍ത്തല. അതുകൊണ്ടുതന്നെ, ഒരു വെള്ളമണല്‍ പ്രദേശം കൂടിയാണിത്‌. സെന്‍ട്രല്‍ സെറാമിക്‌ ടെക്‍നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്‌യൂട്ടിന്റെ അഭിപ്രായപ്രകാരം ഏഷ്യയില്‍ കിട്ടുന്ന ഏറ്റവും നല്ല സിലിക്കാ മണലിന്റെ കേന്ദ്രം. അതായത്‌ ഏറ്റവും നല്ല ഒപ്റ്റിക്കല്‍ ഉപകരണങ്ങള്‍ക്ക്‌ പറ്റിയ ഗ്ലാസ്സുണ്ടാക്കാന്‍ പറ്റിയ മണല്‍... പക്ഷെ പാണ്ടികളും പരദേശികളും നാട്ടിലെ ചില അത്യാര്‍ത്തിക്കാരും ചേര്‍ന്ന് വളരെ തരംതാണ ആവശ്യങ്ങള്‍ക്കുപയോഗിച്ച്‌ ഇതേറെക്കുറെ തീര്‍ത്തിരിക്കുന്നു.

യേശുവിന്റെ കുരിശാരോഹണത്തിനു 19 വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ശിഷ്യന്‍ വിശുദ്ധ തോമാശ്ലീഹ (സെന്റ്‌ തോമസ്‌) ഇവിടെ കൊക്കോതമംഗലത്ത്‌ വന്നു.

ബുദ്ധമതത്തിന്റെ ഒരു വലിയ കേന്ദ്രമായിരുന്നു ചേര്‍ത്തല. ചേര്‍ത്തല, കണിച്ചുകുളങ്ങര മുതലായ ദേവീക്ഷേത്രങ്ങള്‍ ഇതു വ്യക്തമാക്കുന്നു.

ഈയിടെ ഇവിടെ തൈക്കല്‍ എന്ന സ്ഥലത്തുനിന്ന് (കടലില്‍ നിന്ന് 4 കിലോമീറ്ററോളം ഉള്ളില്‍) കിട്ടിയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ചില വിചിത്രമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. പാശ്ച്യാത്യരുടേതില്‍ നിന്ന് ഏഴു നൂറ്റാണ്ടെങ്കിലും പഴയതും (കാര്‍ബണ്‍ ഡേറ്റിങ്ങ്‌ പ്രകാരം) എന്നാല്‍ സാങ്കേതിക മേന്മ നിറഞ്ഞതുമായ ഒരു കപ്പല്‍പ്പണിയാണ്‌ ഇതില്‍ കണ്ടത്‌. ഈ കണ്ടെത്തലുകള്‍ ശരിയാണെങ്കില്‍, ഇന്‍ഡ്യന്‍ കപ്പലുകളെയും വ്യാപാരബന്ധങ്ങളെയും കുറിച്ചുള്ള പല ധാരണകളും മാറ്റിയെഴുതേണ്ടിവരും.

ഇതേ തൈക്കല്‍ തന്നെയാണ്‌ ഇട്ടി അച്യുതന്‍ വൈദ്യര്‍ ജീവിച്ചിരുന്നത്‌. (ഡച്ച്‌ ഗവര്‍ണറായിരുന്ന വാന്‍ റീഡിനു വേണ്ടി ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌ [ഏഡി 1678] എന്ന ബോട്ടാണിക്കല്‍ ഗ്രന്ഥം തയ്യാറാക്കി ദുരൂഹമായ രീതിയില്‍ അപ്രത്യക്ഷനായി എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന അച്യുതന്‍ വൈദ്യര്‍.)

പോര്‍ട്ടുഗീസുകാരാല്‍ സ്ഥാപിതമായ അര്‍ത്തുങ്കല്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ പള്ളിയും ഇവിടെ തന്നെ.

ശാന്തിഗിരി സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ജന്മനാടും ചേര്‍ത്തല തന്നെ.

സിനിമാഗാനങ്ങളില്‍ ഗരിമ തീര്‍ത്ത വയലാര്‍ രാമവര്‍മ്മയുടെ, പുന്നപ്ര-വയലാറിന്റെ, നമ്മുടെ എന്‍ ആര്‍ ഐ മന്ത്രിയുടെ, വളരെ മൃഗീയവും പൈശാചികവുമായി നമ്മള്‍ മറന്നുകളഞ്ഞെങ്കിലും സോണിയാ ഗാന്ധി മറക്കാതിരുന്ന അഴിമതിരാഹിത്യത്തിന്റെയും ലാളിത്യത്തിന്റെയും സാറിന്റെ സ്വന്തം നാട്‌. സഖാക്കള്‍ പലതവണ മുഖ്യമന്ത്രിയാക്കുമെന്നു നമ്മളെയെല്ലാം പറഞ്ഞുപറ്റിച്ച നമ്മുടെ എല്ലാവരുടെയും സ്വന്തം അമ്മയുടെ നാട്‌. പഴയ മാളികപ്പുറത്തമ്മയുടെയും അവരുടെ കുടുംബക്കാരി സഖാവിന്റെയും (ശ്രീമതി ഏ കെ ജി) ഒക്കെ നാട്‌. മലയാളികളിലെ ധനികരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള എസ്‌.ഡി. ഷിബുലാലിന്റെ (ഇന്‍ഫോസിസ്‌ സ്ഥാപക ഡയറക്റ്റര്‍)നാട്‌. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്നെയും തന്റെ സംഘടനയെയും മുന്‍പന്തിയില്‍ കൊണ്ടുവന്ന വെള്ളാപ്പള്ളിയുടെ സ്വന്തം നാട്‌. എസ്‌ എല്‍ പുരത്തിന്റെയും, ശിഷ്യന്‍ രാജന്‍ പി ദേവിന്റെയും നാട്‌.

Labels: ,